Monday, January 30, 2012

എന്നു വരും നീ?

എന്നു വരും നീ?
നീ എവിടെയാണ്?
നീ എന്നെ കാണുന്നുവോ?
എന്റെ കണ്ണീര്‍ അറിയുന്നുവോ?
എന്റെ വാക്ക് കേള്‍ക്കുന്നുവോ?
നീ എവിടെയാണ്?
ഇന്നും ഞാന്‍ കാത്തിരുന്നു,
നിനക്കായി പ്രാതല്‍ ഒരുക്കി,
നിനക്കായി ഒരുങ്ങി,
നിന്റെ വസ്ത്രങ്ങള്‍ ഒരുക്കി,
നിന്റെ പാട്ട് മൂളി,
നീ എവിടെയാണ്?
ഏതു കോണിലാണ്?
ഏതു താഴ്വരയിലാണ്?
ഏതു ഇരുട്ടിലാണ്?
രാത്രിയെ എനിക്ക് ഭയമാണ്,
ലോകത്തെ എനിക്ക് പേടിയാണ്,
ഇതിന്റ ഏതു കോണിലാണ് നീ?
എന്ന്‌ വരും നീ?


കാത്തിരിപ്പിന്റെ കരിനിഴലിലാണ് കാശ്മീര്‍ താഴ്വരകള്‍.ഒരിക്കലും തിരികെയെത്താന്‍ ഇടയില്ലാത്ത പ്രിയപ്പെട്ടവര്‍ക്കായുള്ള കാത്തിരിപ്പ്‌-നീളുന്ന കാത്തിരിപ്പ്‌, നിലയ്ക്കാത്ത കാത്തിരിപ്പ്‌.

എങ്ങനെ എന്നോ,എവിടെക്കെന്നോ, അറിയാതെ നഷ്ടപ്പെട്ടുപോയ ഭര്‍ത്താക്കന്‍മാര്‍ക്കായി വഴിക്കണ്ണുകളുമായി നോക്കിയിരിക്കുന്ന സ്ത്രീകളുടെ എണ്ണം ആയിരത്തി അഞ്ഞൂറിനും മേലേയാണ്.മകന്റെ വരവ് പ്രതീക്ഷിച്ചു ജീവിച്ച് ഒടുവില്‍ ഒരു നോക്ക് കാണാതെ കണ്ണടച്ച മാതാപിതാക്കള്‍, മകളെ പുനര്‍വിവാഹം ചെയ്യിക്കാന്‍ ആവാതെ നീറുന്ന അച്ഛന്മാര്‍, പാതി അനാഥത്വത്തിന്റെ വേദനയുമായി കഴിയുന്ന കുഞ്ഞുങ്ങള്‍.ഇവരില്‍ പലരുടെയും കാത്തിരിപ്പിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.എങ്കിലും കണ്ണുനീരാവട്ടെ, വറ്റാതെ, തോരാതെ, തീരാതെ ഇന്നും അങ്ങനെ തന്നെ.പാക്കിസ്ഥാന്‍ അധീനതയിലുള്ള കാശ്മീര്‍ പ്രദേശങ്ങളിലേക്ക് ചേക്കേറിയിട്ടുണ്ടാവാം എന്നും, ചാരപ്പഴി ചുമത്തി പോലീസ് ഏമാന്മാര്‍ റാഞ്ചിക്കൊണ്ടുപോയ കൂട്ടത്തില്‍പ്പെട്ടിട്ടുണ്ടാവാം എന്നും അവ്യക്തമായ സൂചനകള്‍ അല്ലാതെ ഇത്തരം മാഞ്ഞുപോകലുകളെപ്പറ്റി ഇവരുടെ കുടുംബങ്ങള്‍ക്ക് പോലും ഏറെയൊന്നും അറിയില്ല എന്നതാണ് വാസ്തവം.ഇതില്‍ ആദ്യത്തെ വാദത്തെ ശരി വെയ്ക്കാന്‍ ചുമതലപ്പെട്ട ഗവണ്മെന്റ് അധികൃതര്‍ തിടുക്കം കാട്ടുമ്പോള്‍ രണ്ടാമത്തെ സാധ്യതയ്ക്കൊപ്പം നില്‍ക്കുകയാണ് സാമൂഹ്യ പ്രവര്‍ത്തകരും സ്ത്രീപക്ഷവാദികളും.

എന്നത്തെയും പോലെ കാലത്ത് എഴുന്നേറ്റ് ജോലിക്ക് പോയി ഒരിക്കലും മടങ്ങിയെത്താതിരുന്ന ഭര്‍ത്താക്കന്‍മാരെയും കാത്ത്, വിധവയോ സുമംഗലയോ എന്നറിയാതെ നീറി നോവുന്ന സ്ത്രീജനങ്ങള്‍ സമരമുറക‍ളുമായി പലകുറി തെരുവില്‍ ഇറങ്ങിയെങ്കിലും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും ആശ്വാസദായകമായ വൃത്താന്തങ്ങള്‍ ഒന്നും തന്നെ ഉണ്ടായില്ല.അപ്രത്യക്ഷരുടെ എണ്ണം എണ്ണായിരം എന്നു പ്രദേശവാസികള്‍ ഉറപ്പിച്ചു പറയുമ്പോള്‍,സര്‍ക്കാര്‍ കണക്കില്‍ ഇക്കൂട്ടരുടെ എണ്ണം നാലായിരം മാത്രം.ഇപ്പറഞ്ഞ നാലായിരം ആളുകള്‍ എവിടെ എന്നോ അവരുടെ കുടുംബങ്ങളുടെ ജീവിതച്ചെലവ് എങ്ങനെ നടക്കുന്നു എന്നോ ഉള്ള ചോദ്യങ്ങള്‍ക്ക് പക്ഷെ സര്‍ക്കാരിന്റെ പക്കല്‍ ഉത്തരമില്ല എന്നത് ഏറെ ഖേദകരമായ ‍മറ്റൊരു സത്യം.


അച്ഛന്റെ സംരക്ഷണയിലും കരുതലിലും സുരക്ഷിതരായി കളിച്ചു വളരുന്ന കുട്ടികളെ നൊമ്പരത്തോടെ നോക്കി കൊതിക്കുന്ന കുഞ്ഞുങ്ങളുടെ കണ്ണീരിന് മുന്‍പില്‍ നെടുവീര്‍പ്പോടെ നിസ്സഹായരായി നോക്കിയിരിക്കുന്ന അസംഖ്യം അമ്മമാര്‍.വീട്ടമ്മമാരായ ഇവരില്‍ ബഹുഭൂരിപക്ഷവും മക്കള്‍ക്ക്‌ പ്രാഥമിക വിദ്യാഭ്യാസം നല്‍കാന്‍ ആവാതെ, വയറു നിറയെ ഭക്ഷണം കൊടുക്കാന്‍ കഴിയാതെ, സംരക്ഷണം നല്‍കാന്‍ ആവാതെ വലയുകയാണ്.കാലമേറെ കഴിഞ്ഞപ്പോള്‍ ഭര്‍ത്തൃവീട്ടുകാരും ഇവരില്‍ പലരെയും ഏറെക്കുറെ കയ്യൊഴിഞ്ഞ മട്ടാണ്.അന്‍പതു ശതമാനത്തില്‍ താഴെ മാത്രം പുരുഷന്മാര്‍ക്ക് സാക്ഷരതയുള്ള നാട്ടില്‍, സ്ത്രീകളുടെ അവസ്ഥ പറയേണ്ടതില്ല. അതിനാല്‍ തന്നെ, ഇവരില്‍ പലരും ജോലി തേടി കുടുംബം പുലര്‍ത്താം എന്ന പ്രതീക്ഷ എന്നോ കൈ വെടിഞ്ഞതാണ്.


ഭര്‍ത്താവ് തിരികെ വരാതിരിക്കില്ല എന്ന പ്രതീക്ഷയില്‍ മാത്രം ദിവസങ്ങള്‍ തള്ളിനീക്കുന്ന ഇവരില്‍ പലരും പുനര്‍വിവാഹത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും തയ്യാറല്ല.എന്നാല്‍, ജീവിതമാര്‍ഗ്ഗം ഇല്ലാതെ, കുഞ്ഞുങ്ങളുടെ ഭാവിയെ ഓര്‍ത്ത് ഗത്യന്തരമില്ലാതെ ഇനിയുമൊരു വിവാഹത്തിന് മുതിരുന്നവര്‍ക്ക് സമൂഹത്തില്‍ നിന്നും മതപ്രമാണികളില്‍ നിന്നുമുള്ള വിലക്ക് ഭീഷണിയാവുന്നു.ജീവിച്ചിരിക്കുന്നോ എന്ന ഉറപ്പു പറയാനാവാത്ത പതിയില്‍ നിന്നും നിയമപരമായി എങ്ങനെ ബന്ധം വേര്‍പെടുത്തും എന്ന ആശയക്കുഴപ്പത്തില്‍ ആണ് പലരും. നാല് വര്‍ഷത്തില്‍ ഏറെയായി ഭര്‍ത്താവ് എവിടെ എന്ന്‌ ഭാര്യയ്ക്കോ വേണ്ടപ്പെട്ടവര്‍ക്കോ അറിയാത്ത പക്ഷം മുസ്ലിം സമുദായത്തില് ഇന്ത്യന്‍ ഭരണകൂട നിയമമനുസരിച്ച് ഭാര്യയ്ക്ക് വിവാഹമോചനത്തിനുള്ള എല്ലാ സാധ്യതയും നിലനില്‍ക്കെയാണ് കശ്മീരിലെ ഹതഭാഗ്യര്‍ വിവാഹമോചിതരാവാന്‍ കഴിയാതെ പൊരുതുന്നത്.‍"പാതി ഭാര്യ,പാതി വിധവ"- ദുരിതയാത്രികര്‍ക്ക് പുതിയ വിളിപ്പേരുമായി.


ഭാര്യ എന്ന സ്ഥാനം ചോദ്യചിഹ്നമായി തുടരുന്ന അവസ്ഥയില്‍ ഇവരുടെ കുടുംബസ്വത്തിലുള്ള അവകാശവും റേഷന്‍ കാര്‍ഡില്‍ ഉള്ള സ്ഥാനവും പോലും ചോദ്യം ചെയ്യപ്പെടുകയാണ്.ഗവണ്മെന്റ് വാഗ്ദാനം ചെയ്ത "ആശ്വസനിധി" കൈപറ്റാന്‍ ജീവിച്ചിരിപ്പുണ്ടാവാന്‍ ഇടയുള്ള ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് കൂടിയേ തീരൂ.അല്ലെങ്കില്‍ പാതി വിധവ സ്ഥാനത്ത് നിന്നും ഈ തുക കൈപ്പറ്റാന്‍ ഏഴു വര്‍ഷം കാത്തിരിക്കണം.വൈധവ്യം എത്ര സുഖദം എന്ന്‌ ആഗ്രഹിച്ചു പോകുന്ന നിമിഷങ്ങള്‍.ഒരു മരണ സര്‍ട്ടിഫിക്കറ്റ് തന്നു കനിഞ്ഞ്‌ ആരെങ്കിലും വൈധവ്യം ഉറപ്പാക്കിയിരുന്നെങ്കില്‍ എന്ന്‌ പ്രാര്‍ത്ഥിച്ചു പോകുന്ന ശപിക്കപ്പെട്ട മുഹൂര്‍ത്തങ്ങള്‍.


കുട്ടിക്കാലത്ത് വീട്ടുമുറ്റത്ത്‌ നിന്നും റോഡില്‍ ഓടി കളിക്കാന്‍ തുടങ്ങവേ കളിയായി അമ്മ പറയുമായിരുന്നു-"റോഡിലേക്ക് ഇറങ്ങല്ലേ വാവേ,കുട്ടികളെ പിടിക്കുന്നവര്‍ വരും".കശ്മീരിലെ ഇന്നത്തെ അവസ്ഥയും വിപരീതമല്ല.പുരുഷപ്രജകളെ പുറംലോകം കാട്ടാന്‍ ഭയക്കുന്ന അവസ്ഥയില്‍ ഒരു പറ്റം സ്ത്രീജനങ്ങള്‍! ഇനിയും ഒരു കൂട്ടമാവട്ടെ, തോരാത്ത പ്രതീക്ഷയില്‍ ആരെ ഒക്കെയോ കാത്ത് നീളുന്ന കാത്തിരിപ്പില്‍!

No comments:

Post a Comment