Tuesday, September 20, 2011

ഗുരുദക്ഷിണ



"ദേവു ചേച്ചീടെ മോള്‍ ആമിയല്ലേ?" - മാസത്തില്‍ ഒരിക്കലുള്ള ഫ്രൂട്ട് ക്ലീനപ്പിനിടയിലെസുഖശയനത്തെ ഭേദിച്ചുകൊണ്ടാണ് ബ്യൂട്ടീഷന്റെ പൊടുന്നനെയുള്ള ചോദ്യം കാതില്‍ മുഴങ്ങിയത്. ഫേസ്പായ്ക്ക് ഇടുമ്പോള്‍ സംസാരിച്ചാല്‍ മുഖത്ത് ചുളിവുകള്‍ വന്നേക്കുമെന്നുള്ള സൗന്ദര്യശാസ്ത്രത്തിലെ ആദ്യപാഠം നന്നേ അറിവുള്ളതുകൊണ്ട് "അതെ" എന്ന ഭാവത്തില്‍ ഞാന്‍ തലകുലുക്കുക മാത്രം ചെയ്തു. "എന്നെ മനസ്സിലായില്ലേ?, ത്രെസിയാമ്മ ടീച്ചറുടെ മരുമകള്‍, ആനി". ആളെ ഇപ്പഴും ശരിക്കും മനസിലായില്ല എന്നത് എന്‍റെ മുഖത്ത് നിന്നും നല്ല വൃത്തിയായി വായിച്ചെടുത്ത ആനി ഒരു വരികൂടി ചേര്‍ത്തു - "ആമിയെ കളരിയില്‍ അക്ഷരം പഠിപ്പിച്ച ത്രെസിയാമ്മ ടീച്ചറുടെ മകന്റെ ഭാര്യ!".
വെളുത്ത്, പൊക്കം കുറഞ്ഞ്, വില കുറഞ്ഞ സാരികള്‍ മാത്രം ഉടുത്ത് ശീലിച്ച്, ഒരു കാലിന്റെ മുടന്ത് അവഗണിച്ച് അടുക്കളജോലിയും അക്ഷരം പഠിപ്പിക്കലുമായി കാലംകഴിച്ചുപോന്ന പാവം ത്രെസിയാമ്മ ടീച്ചറുടെ തെളിമയുള്ള ചിത്രം മനസ്സില്‍ നിറഞ്ഞപ്പോഴേക്കും ആനി വീണ്ടും പറഞ്ഞു തുടങ്ങി - "അമ്മച്ചി ആമിയെപറ്റി ഇടയ്ക്കൊക്കെ പറയും. പഠിപ്പിച്ച കുട്ടികളില്‍ മിടുക്കിയായിരുന്നെന്ന്. ജോലിക്ക് പോകും മുന്‍പേ കാലില്‍തൊട്ട് അനുഗ്രഹം വാങ്ങിയിരുന്നെന്ന്. "ടീച്ചര്‍ക്ക് സുഖമാണോ?മൂന്നു മക്കളില്‍ ആരുടെ ഭാര്യയാണ്?" - എന്നിങ്ങനെയുള്ള പതിവ് ചോദ്യങ്ങള്‍ കഴിഞ്ഞപ്പോഴേക്ക്‌ മനസ്സില്‍ ഓര്‍മ്മകളുടെ വേലിയേറ്റമായി. കല്ലുപെന്‍സിലിന്റെയും, സ്ലേറ്റിന്റെയും മഷിത്തണ്ടിന്റെയും സുഖമുള്ള, രസമുള്ള ഓര്‍മ്മകള്‍. മൂന്നു വയസ്സിലാണ് ഞാന്‍ ആദ്യമായി ടീച്ചറെ കാണുന്നത്. സരസ്വതി പൂജയ്ക്ക് വീട്ടില്‍ ടീച്ചറുടെ മടിയില്‍ ഇരുന്ന്‍ ഉരുളിയില്‍ നിറച്ച അരിയില്‍ കൈപിടിച്ച് "ഹരിശ്രീ ഗണപതയെ നമ:" എഴുതിയ ദിവസം. വെറ്റിലയില്‍ 50 രൂപയും ഒരു രൂപ തുട്ടും ആദ്യദക്ഷിണയായി കൊടുത്ത ദിവസം, എന്നും പ്രണയിക്കുന്ന അക്ഷരങ്ങളെ ജീവിതത്തില്‍ ആദ്യമായി കൂടെകൂട്ടിയ ദിവസം
.

പിറ്റേന്ന് അമ്മയുടെ വിരല്‍ത്തുമ്പ്‌ പിടിച്ച് കന്നിയങ്കത്തിനായി കളരിയിലേക്ക് നടന്നടുത്തപ്പോള്‍ ഞാന്‍ കരഞ്ഞിരുന്നോ? ഓര്‍മ്മയില്ല! കരഞ്ഞിട്ടുണ്ടാവാന്‍ തരമില്ല. കൂടെ വാലായി മൊട്ടയും ഉണ്ടായിരുന്നല്ലോ, ശങ്കു മൊട്ട. അച്ഛന്റെ ജ്യേഷ്ഠസഹോദര പുത്രനെങ്കിലും, ഒരു വയസ്സിനു എനിക്ക് ചേട്ടന്‍ എങ്കിലും അവനെ ശങ്കു മൊട്ട എന്നും പുഴുപ്പല്ലന്‍ എന്നും വിളിക്കാനായിരുന്നു കൂടുതല്‍ പ്രിയം. അശേഷം സ്നേഹക്കുറവുണ്ടായിട്ടല്ല, എങ്കില്‍പ്പിന്നെ അവനെ കല്യാണം കഴിക്കണം എന്ന കലശലായ പൂതി മൂന്നു വയസ്സില്‍ ഞാന്‍ കൊണ്ടുനടക്കില്ലായിരുന്നല്ലോ!!!

കളരിയിലേക്കുള്ള യാത്രകള്‍ ബഹുവിശേഷം തന്നെയായിരുന്നു. മൊട്ടയോടൊത്തുള്ള വഴക്കുകൂടലും, സ്ലേറ്റ് വൃത്തിയാക്കാന്‍ വഴിയരുകില്‍ നിന്നും മഷിത്തണ്ട് പറിച്ചെടുക്കലും, പിന്നെ മഴക്കാലമായാല്‍ കണ്ണില്‍ തൊടാന്‍ മഴത്തുള്ളി ചെടിത്തണ്ട് പൊട്ടിക്കലും.

എന്നും പ്രാരാബ്ദങ്ങളുടെ നടുവില്‍ ആയിരുന്നു ടീച്ചറുടെ ജീവിതം. അന്നാട്ടിലെ കുരുന്നുകള്‍ക്കെല്ലാം ആദ്യാക്ഷരം ചൊല്ലിക്കൊടുത്ത അബലയായ ഈ സ്ത്രീയുടെ കണ്ണുനീരിനു മുന്‍പില്‍ ഒരു ദേവിയുടെയും മനസ്സലിഞ്ഞില്ല. അക്കാലത്ത് നാട്ടില്‍ സുലഭമായി കണ്ടിരുന്ന "പൊങ്ങല്ല്യം" എന്ന മരത്തിന്റെ തണ്ടാണ്‌ ടീച്ചര്‍ വടിയായി ഉപയോഗിച്ചിരുന്നത്. അതിനാല്‍ തന്നെ ഈ മരത്തോട് ഞാന്‍ ഉള്ളില്‍ ഒരു പ്രത്യേക വിദ്വേഷവും വൈരാഗ്യവും സൂക്ഷിച്ചിരുന്നു.

സിമന്റ്‌ തേച്ച തറയില്‍ പൊടിമണല്‍ വിതറി അതില്‍ക്കൂടി കൈപിടിച്ച് ചൂണ്ടുവിരല്‍കൊണ്ട് ഓരോ അക്ഷരവും മൂന്നുതവണ എഴുതിപ്പിക്കുക എന്നത് ടീച്ചറുടെ സവിശേഷരീതിയായിരുന്നു. വിരല്‍ത്തുമ്പിലെ വേദനയോടൊപ്പം ഹൃദിസ്ഥമാക്കപ്പെടുന്ന അക്ഷരങ്ങള്‍ ഒരു കാലത്തും മറക്കാന്‍ ഇടയില്ല എന്ന ന്യായമായിരുന്നു ഈ രീതിക്ക് പിന്‍ബലം. ടീച്ചറുടെ ഈ രീതി പിന്‍തുടര്‍ന്ന് അക്ഷരങ്ങളെ "ശടെ" എന്ന് മനപാഠം ആക്കിയ ഞാന്‍ ഏറെവൈകാതെ പ്രിയശിഷ്യയുമായി.

തടിക്കഷണം ചുറ്റും പിടിപ്പിച്ച ഭാരമേറിയ സ്ലേറ്റ്, ഒരു വശത്ത് മുത്തുകള്‍ ഘടിപ്പിച്ച ഭംഗിയുള്ള പ്ലാസ്റ്റിക്‌ സ്ലേറ്റ്, നീളം കൂടിയ,അല്ലെങ്കില്‍ നന്നേ കുറിയ കല്ലുപെന്‍സിലുകള്‍, ബാഗിനുള്ളില്‍ ശേഖരിച്ചുവച്ച നനവാര്‍ന്ന മഷിത്തണ്ടുകള്‍ - അങ്ങനെ പഠനത്തിന്റെ ആദ്യദിനങ്ങള്‍ സുഗമമായി കൊണ്ടാടുന്ന കാലം.

വേണ്ടുവോളം ഞാന്‍ കളിയാക്കിയിരുന്നെങ്കിലും, ഭാവിഭര്‍ത്താവിന്റെ സ്ഥാനത്ത്സങ്കല്‍പ്പിച്ചിരുന്ന മൊട്ടയെ പഠിക്കാന്‍ പിന്നോക്കം നിന്നതുകൊണ്ട് "മടിയന്‍ പത്രോസ്" എന്ന പേരില്‍ മറ്റു കുട്ടികള്‍ വിലകുറച്ചു കാണുന്നത് എനിക്ക് തീരെ രസിച്ചിരുന്നില്ല. ടീച്ചര്‍ അവനെ വഴക്ക് പറയുന്നത് അത്രപോലും.തുടര്‍ച്ചയായ അഞ്ചാം ദിവസവും "ഋ" എന്ന അക്ഷരം വഴങ്ങാതെ പരിഭ്രമിച്ചു നിന്ന ശങ്കു മൊട്ടയെ ക്ഷമ നശിച്ചിട്ടാവണം പൊങ്ങല്യത്തിന്റെ പഴുത്ത തണ്ട് വെച്ച് ടീച്ചര്‍ ചെറുതായി ഒന്ന് പ്രഹരിച്ചത്. പിന്നെ ക്ലാസ്സില്‍ ആര്‍ത്തലച്ച ആ ശബ്ദത്തിന് കരച്ചില്‍ എന്ന പേര്‍ മതിയാകാതെ വരും. അക്ഷരാര്‍ത്ഥത്തില്‍ അതൊരു നിലവിളി തന്നെയായിരുന്നു. ഇരുകവിളുകളിലും ഒലിച്ചിറങ്ങുന്ന കണ്ണീര്‍ക്കണങ്ങളുമായി ഒരിറ്റു ദയയ്ക്കായി യാചിച്ചുകൊണ്ട് ഭാവിഭര്‍ത്താവ് എനിക്ക് നേരേ നോക്കിയത് നൊമ്പരമായി ഹൃദയത്തില്‍ തറയ്ക്കുകതന്നെചെയ്തു.
മറിച്ചൊന്നാലോചിച്ചില്ല, ടീച്ചറുടെ കയ്യില്‍നിന്നും പൊങ്ങല്ല്യവടി പിടിച്ചുവാങ്ങി കാലം മുടന്ത് സമ്മാനിച്ച കാലില്‍ സര്‍വ്വശക്തിയുമെടുത്ത് മൂന്ന് വയസ്സുകാരി അരുമശിഷ്യയുടെ തിരിച്ചടി. എന്തായിരുന്നിരിക്കും ടീച്ചറുടെ മനസ്സില്‍ അപ്പോള്‍? ഞെട്ടലോ, ദേഷ്യമോ, അതോ ഇവയെല്ലാം ചേര്‍ന്ന് പറഞ്ഞറിയിക്കാന്‍ ആവാത്ത ഒരു വികാരമോ?എന്തായാലും, വികൃതിയായ, ധിക്കാരിയായ, ബഹുമാനമില്ലാത്ത കാന്താരി കുറുമ്പിക്ക് ഉടനെ കിട്ടി - ടീച്ചറുടെ കയ്യില്‍ നിന്നും നല്ല മധുരമുള്ള അടിക്കഷായം!

മൂന്നു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഒടുവിലായി ടീച്ചറെ ഞാന്‍ കണ്ടത് - എഞ്ചിനീയര്‍ ഉദ്യോഗത്തില്‍ പ്രവേശിക്കുന്നതിന് തൊട്ടു മുന്‍പായി. ഒരിക്കലും തോല്‍ക്കാതെ പോരാടിയ മനസ്സിനെ വെല്ലാന്‍ കാലം ശപിച്ചുനല്‍കിയ വാര്‍ദ്ധക്യരോഗങ്ങളുടെ അസ്ക്യതകളുമായി ടീച്ചര്‍ നന്നേ ക്ഷീണിതയായിരുന്നു. രണ്ടു ദശകങ്ങള്‍ക്ക് മുന്‍പ് പഴുത്ത പൊങ്ങല്ല്യവടി കൊണ്ട് തല്ലിനോവിച്ച വയ്യാത്ത കാലിന്റെ പെരുവിരലില്‍ സ്പര്‍ശിച്ച് അനുഗ്രഹം യാചിക്കവേ, മനസ്സില്‍ ഒരു നൂറുവട്ടം ഞാന്‍ ഉറക്കെപറഞ്ഞു -" മാപ്പ്". തീരാത്ത സ്നേഹം നെറുകില്‍ തൊട്ട് അറിവിന്റെ അമ്മ പറഞ്ഞു - "നന്നായി ഇരിക്കണം.നല്ലത് കേള്‍പ്പിക്കണം".

കാലമെത്ര കൊഴിഞ്ഞു. ഓര്‍മ്മകളെത്ര മാറിമറിഞ്ഞു. എന്നിട്ടും അടുക്കളക്കോണിലെ പുകയിലിരുന്ന്‍ മരുമകളോട് എന്നെപ്പറ്റി നല്ലത് മാത്രം പറയുന്ന എന്‍റെ ടീച്ചര്‍. ആദ്യഗുരുവിന്റെ അനുഗ്രഹം വിടാതെ ഇന്നും, എന്നും കൂടെ!

ഈ ജീവിതം ശുഭം,മംഗളം.

published on Manorama -

 http://gulf.manoramaonline.com/cgi-bin/MMOnline.dll/portal/ep/gulfContentView.do?tabId=15&programId=6722890&BV_ID=@@@&contentId=12163396&contentType=EDITORIAL&articleType=Malayalam%20News

6 comments:

  1. 9 ക്ലാസ്സിലെ മഴകാലത്ത് സുലു മിസ്സ്‌ എന്നോട് എന്തോ ഒരു unreasonable കാര്യത്തിനു വടികൊണ്ട് തല്ലാനോങ്ങി.
    In mid-air, ഞാന്‍ വടി പിടിച്ചുവെച്ചു ഒരു കോണിലേക്ക് കളഞ്ഞു. ഓല സ്കൂളിന്റെ നേര്‍ത്ത സ്ക്രീനുകള്‍ക്കിടയില്‍ ഈ കാഴ്ച കണ്ട Shamreez എന്നെ ഹീറോ തുല്യം ആരാധിച്ചു. ഒരു പടി കൂടി മുന്നോട്ടു കടന്നു മറ്റൊരുദിവസം അവനെ തല്ലനോങ്ങിയ മറ്റേതോ ടീച്ചറിന്റെ വടി പിടിച്ചു വെക്കുകയും, പൊട്ടിച്ചു കളയുകയും ചെയ്തു അവന്‍.

    ടീച്ചറെ ഇന്‍സള്‍ട്ട് ചെയ്ത എനിക്ക് സഹപാഠികളുടെ ഇടയില്‍ ഹീറോ പരിവേഷം വന്നു. Peers, juniors എന്നിവരുടെ ഇടയ്യില്‍ എന്തൊരു ബഹുമാനം.

    കാലം കുറേ കഴിഞ്ഞു. ടീച്ചര്‍ ചിലപ്പോള്‍ അത് മറന്നു കാണും, പക്ഷേ എന്റെ ഉള്ളില്‍ അതൊരു വേദന തന്നെ കിടക്കുന്നു. ടീച്ചര്‍ എങ്ങാനും കണ്ടാല്‍ ഇതൊക്കെ ഓര്‍ക്കുനുണ്ടാവുമോ എന്നൊരു ഭയം/ചമ്മല്‍.

    ReplyDelete
  2. unreasonable karyamo?needs further description:P anyways,glad to know you have similar shades of memories of childhood.loved the way you narrated it here! thanks a lot of reading and encouraging:

    ReplyDelete
  3. kollaam... brought back a lot of childhood memmories... a nostalgic read.. keep wroting 'Aami' :)

    ReplyDelete
  4. Nice one.. reminds the schools days.. every one has done some pranks during those days...
    interesting read.. keep writing.:-)

    ReplyDelete