Thursday, August 18, 2011

കാണാമറയത്തെ മുത്തശ്ശന്‍

മുത്തശ്ശനെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. എന്നെ ഒരു നോക്ക് കാണാന്‍ കാത്തുനിന്നില്ല എന്ന് വേണം പറയാന്‍. പക്ഷെ ഞാനീ അപ്പൂപ്പനെ അറിഞ്ഞിട്ടുണ്ട്, ഒന്നല്ല, ഒരായിരം വട്ടം.ട്ടാം ക്ലാസ്സില്‍ മലയാളത്തിന്‍‍‍‍‍‍‍ നൂറി‍ല്‍ നൂറ് കരസ്ഥമാക്കിയതിനു ടീച്ചറുടെ അഭിനന്ദനം ഏറ്റുവാങ്ങിയ കൊച്ചുമകളുടെ മുഖം കണ്ട് ദൂരത്തെവിടെയോ ഒളിച്ചിരുന്ന് കോരിത്തരിച്ച മുത്തശ്ശന്‍, ബിരുദത്തിനു literature എന്ന പൂതി ഉള്ളില്‍ ഊതിതെളിപ്പിച്ചുത്തന്ന രൂപമറിയാത്ത പിതാമഹന്‍, പിന്നെ, എഴുത്തിന്‍റെ ആദ്യപടികള്‍ ചവിട്ടി ക്കയറവേ കൈപിടിച്ചു താങ്ങായി കൂടെ നിന്ന ബലമുള്ള വലിയ അച്ഛന്‍, അക്ഷരങ്ങളെ കൂടെക്കൂട്ടിയപ്പോള്‍ കാണാമറയത്ത് എവിടെയോ ഇരുന്ന് ഒരു നൂറുവട്ടം നിറമിഴിയോടെ നെറുകില്‍ തൊട്ടനുഗ്രഹിച്ച എന്‍റെ മുത്തശ്ശന്‍.

മുത്തശ്ശന്‍ ഇപ്പോള്‍ എവിടെയാവും? ഏതു ദിക്കില്‍ മറഞ്ഞിരുന്നാണ് ഞാന്‍ എഴുതുന്നതു കാണുന്നത്? ആ കണ്ണുകള്‍ ഈറനണിയുന്നത്? എന്‍റെ കൈപിടിച്ചുതരുന്നത്? ഇഹത്തില്‍ അല്ലെങ്കില്‍ പിന്നെ പരത്തിലോ? സ്വര്‍ഗ്ഗത്തില്‍ ഉണ്ടാവുമോ? ഏതായാലും നരകത്തില്‍ ഇല്ല, അതുറപ്പ്.

മുത്തശ്ശന്‍ ഇന്ന് രൂപമില്ല. മൂന്നു ദശകങ്ങള്‍ മുന്‍പു വരെ ഉണ്ടായിരുന്നു, അഴകുള്ള ഒരു രൂപം. കട്ടി ഫ്രെയിം ഉള്ള കണ്ണടയും, പഴുതാര മീശയും, രോമാവൃതമായ മാറിടവും പിന്നെ, വിടാതെ വിരല്‍ത്തുമ്പില്‍ എന്നും സ്വന്തം ആയുധം പേനയും. മുത്തശ്ശന്‍ രൂപമുണ്ട്, ഇന്നും രൂപമുണ്ട്. ഉമ്മറപ്പടിയില്‍ കണ്ണാടിച്ചില്ലിട്ടു സൂക്ഷിക്കുന്ന ആ രൂപം. ആ രൂപം, അത് എന്‍റെ മനസ്സിലും! എഴുതാന്‍ മനസ്സ് വെമ്പുമ്പോള്‍, കണ്ണുകള്‍ മെല്ലെ ഇറുക്കി അടച്ചാല്‍, ഭാവനയുടെ ചിറകിലേറി, എഴുതാന്‍ ശക്തിപകര്‍ന്നു മുന്നിലിതാ മുത്തശ്ശന്‍ - പുഞ്ചിരിയോടെ, വാത്സല്യത്തോടെ, സ്നേഹവായ്പോടെ.

ധീരനായിരുന്നു എന്‍റെ അപ്പൂപ്പന്‍, ആരെയും കൂസാത്ത ധൈര്യശാലി. ഈ ധൈര്യം തന്നെയോ തലമുറകളുടെ ഔദാര്യമായി എനിക്കും പകര്‍ന്നു കിട്ടിയത്? പെണ്‍കുട്ടിക്ക് സമൂഹം കല്പിച്ചു നല്‍കിയ അലിഖിതമായ നിയമങ്ങളുടെ ചട്ടക്കൂട് ഭേദിച്ചെറിയാനുള്ള തീവ്രത്വരയില്‍, സ്ത്രീധനം എന്ന അന്യായവ്യവസ്ഥയില്‍ കേന്ദ്രീകൃതമായ വിവാഹപ്രസ്ഥാനത്തില്‍ വിശ്വാസം നഷ്ടപ്പെട്ട് തുടങ്ങിയകാലത്ത് - അങ്ങനെ എത്രയോ തവണ അപ്പൂപ്പനെ ഞാന്‍ എന്നില്‍ അറിഞ്ഞിരിക്കുന്നു, പൈതൃകം പുണ്യമായി കിട്ടിയ കൊച്ചുമകളെന്നു സ്വയം എത്രവട്ടം തിരിച്ചറിഞ്ഞിരിക്കുന്നു. തൂലിക എന്ന തന്‍റെ വജ്രായുധമെടുത്ത് നാടകവേദികളില്‍ സാമൂഹ്യ നന്മക്കായി അടരാടിയ യോദ്ധാവിന്‍റെ ചെറുമകള്‍ ഇങ്ങനെയൊക്കെ ചിന്തിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. ആലുവ പാലത്തിനായി ട്രെയിന്‍ തടഞ്ഞുനിറുത്തിയ പിതാമഹന്‍ കാതില്‍ പറഞ്ഞുതരുന്ന ആത്മാഭിമാനത്തിന്‍റെ, സ്വാതന്ത്ര്യത്തിന്‍റെ മൊഴികള്‍ അത്രമേല്‍ എന്നെ രസിപ്പിച്ചിട്ടുണ്ട്, സുഖിപ്പിച്ചിട്ടുണ്ട്, മോഹിപ്പിച്ചിട്ടുണ്ട്, നയിച്ചിട്ടുമുണ്ട്‌.

അപ്പൂപ്പന്‍ വാസ്തവത്തില്‍ എന്നെ അറിയുന്നുവോ? എഴുത്തുകാരിയാവാന്‍
ആഗ്രഹിക്കുന്ന മകളുടെ മനസ്സറയിലെ കുഞ്ഞുസങ്കടങ്ങള്‍ കാണുന്നുവോ? കണ്ണീരിനിടയില്‍ ഉള്ളറിഞ്ഞ് വിളിച്ചതൊക്കെ അപ്പൂപ്പന്‍ കേട്ടിരുന്നുവോ?

കാത്തുനില്‍ക്കാതെ ദേഹം വെടിഞ്ഞ അപ്പൂപ്പനോട്‌ കൊച്ചുമോള്‍ക്ക്‍ തെല്ലും പരാതിയില്ല, പരിഭവവുമില്ല. ഒരായുസ്സിന്‍റെ വാത്സല്യം കാണാമറയത്തിരുന്ന് പൊഴിക്കുന്ന അപ്പൂപ്പനോട്‌ സ്നേഹം, സ്നേഹം മാത്രം. പറഞ്ഞാല്‍ തീരാത്ത, തീര്‍ത്താല്‍ തീരാത്ത നന്ദിയും. ഈ പൈതൃകം സുകൃതമായി എന്നില്‍ അവശേഷിപ്പിച്ചതിന്, ഈ പാരമ്പര്യം കെടാവിളക്കായി കനിഞ്ഞ്‌ അനുഗ്രഹിച്ചതിന്, അക്ഷരങ്ങളെ കൈവെള്ളയില്‍ വെച്ചുതന്നതിന്, ചിന്തകളെ മണിച്ചെപ്പില്‍ സൂക്ഷിക്കാന്‍ പഠിപ്പിച്ചതിന്.

എഴുത്തിന്‍റെ മാന്ത്രികലോകം ഒരായുഷ്ക്കാലം കൊണ്ട് പണികഴിപ്പിച്ച മഹാരഥന് ഇത് ആരാധികയുടെ ആത്മസമര്‍പ്പണം, കളിയരങ്ങിലെ എഴുത്തച്ചന് ഇത് പ്രിയപൗത്രിയുടെ ദക്ഷിണ, കാണാമറയത്തെ മുത്തശ്ശന്‍റെ കവിളില്‍ ഇളമുറക്കാരിയുടെ ചെറുമുത്തം!


സമര്‍പ്പണം : നോര്‍ബര്‍ട്ട് പാവന




ജനനം: 28.03.1918 മരണം:28.06.1981

6 comments:

  1. Hey Tintu,

    Really touching and wonderful article !
    No doubt that our grandpa will be really proud of this talented granddaughter.
    God Bless you and Keep writing.

    By the way Aami kutty your pen- name selection is superb!

    Take care
    Luv
    Lisha Chechi

    ReplyDelete
  2. thanks a lot chechikutty:)wanted to post this on 28th june,but came a bit late!!!

    ReplyDelete
  3. My dearest Tintumol (Aami),
    I am very proud of you that you are also come to the path of our beloved father NORBERT PAVANA who gave us inspiration, courage, enthusiasm and co-operation.
    Wish you all the best for the same.
    Thanking you,
    JOYUNCLE\19082011

    ReplyDelete
  4. Thank you joy uncle:)Your appreciation and blessings means a lot to me.Do support and encourage me:)

    ReplyDelete