Friday, August 10, 2012

ഞങ്ങളുടെ കല്യാണം

അന്ന് ഞങ്ങളുടെ കല്യാണമായിരുന്നു. വരന്‍ വീട്ടില്‍ത്തന്നെയുണ്ട്, 
മുറചെക്കനാണ്. ആചാരപ്രകാരം ക്രിസ്ത്യന്‍ രീതിയിലുള്ള കല്യാണമാണ്. ആദ്യവിവാഹമാല്ലാത്തതുകൊണ്ട് ആര്‍ഭാഡങ്ങളും ആഘോഷങ്ങലുമില്ല,  വീട്ടുകാരുടെ സഹകരണവുമില്ല. എങ്കിലും ഞാന്‍ അതിരാവിലെ തന്നെ ഉണര്‍ന്നു. മുറ്റത്ത്‌ വിരിഞ്ഞുനിന്ന വെള്ളനിറമുള്ള  പൂക്കളെല്ലാം കൂടയില്‍ പറിച്ചെടുത്തു, കരുതിവെച്ചിരുന്ന സാറ്റിന്‍ റിബ്ബണ്‍ ചേര്‍ത്ത് കെട്ടി ഭംഗിയുള്ള ബൊക്കെ ഉണ്ടാക്കി. കണ്ണാടിയ്ക്ക് മുന്നില്‍ നിന്ന് തലമുടി വൃത്തിയായി ചീകികെട്ടി. വലിയ കമ്മലും മാലയുമണിഞ്ഞു. കണ്ണെഴുതി, നെറ്റിയില്‍ പൊട്ടുകുത്തി. തലേന്ന് പറിച്ചുവെച്ച് വിരിയിച്ച മുല്ലപ്പൂക്കള്‍ കൊരുത്ത് മുടിയില്‍ വെച്ചു, അതിനുമേലെ തൂവെള്ള നിറമുള്ള നെറ്റ് പുതച്ചു.   




പത്തരമണിയ്ക്കാണ് കെട്ട്. കൃത്യസമയത്ത് തന്നെ ഞാന്‍  മുറ്റത്തെത്തി. തൊട്ടുപിന്നാലെ വരനും കാര്‍മ്മികയും എത്തി. കാര്‍മ്മികയുടെ നിര്‍ദേശമനുസരിച്ച് മുറ്റത്ത്‌ വിരിച്ചിരുന്ന മെത്തയില്‍ ഞങ്ങള്‍ ഒരുപോലെ മുട്ടുകുത്തി. കാര്‍മ്മിക കഴുത്തില്‍ ഒരു ഷോള്‍ ചുറ്റിയിരുന്നു, ഉച്ചത്തില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലിത്തുടങ്ങി.  കയ്യില്‍ ബൊക്കെ ചേര്‍ത്ത് പിടിച്ച് നമ്രമുഖിയായി വരനരുകില്‍ ഞാന്‍ നിന്നു. കാര്‍മ്മിക എടുത്തുത്തന്ന കുരിശുമോതിരം പരസ്പരം അണിയിച്ചു. വാഴനാരു കൊണ്ട് തീര്‍ത്ത മാലയും അന്യോന്യം ചാര്‍ത്തി. പിന്നെ, കുരിശടയാളത്തില്‍ ഞങ്ങളെ അനുഗ്രഹിച്ചു.ഞങ്ങള്‍ ഇരുവരും കൈകോര്‍ത്തു പിടിച്ച് പുഞ്ചിരിയോടെ മുറ്റത്ത്‌ അങ്ങോട്ടുമിങ്ങോട്ടും നടന്നു. പടിക്കെട്ടില്‍ ചെന്നിരുന്ന് കുശലം പറഞ്ഞു, ഉറക്കെ ചിരിച്ചു. അതിനിടയില്‍ ചിത്രങ്ങള്‍ക്ക് ചിരിച്ചു കൊടുത്തു.
ഇടയ്ക്കെപ്പഴോ അമ്മയും അമ്മായിയും ഞങ്ങള്‍ മുട്ടുകുത്തിയ മെത്തയെടുത്ത് നീക്കി വെയിലത്തെയ്ക്ക് മറിച്ചിട്ടു - " മൂത്രം മണം പോവാനാണത്രേ!!!"


രാത്രിയായി, പറഞ്ഞു വരുമ്പോ ആദ്യരാത്രി. മണവാളനരുകില്‍ കിടക്കുകയാണ് ഞാന്‍......, ആശാന്‍ ഉറക്കം പിടിച്ച് വരുന്നു.
ചെരിഞ്ഞു കിടന്നു മുറുക്കെ  തോണ്ടി ഞാന്‍ ചോദിച്ചു - "ഇന്നും നീ കെടന്നു മുള്ളുവോ?"

"എന്തേ" എന്ന ഭാവത്തില്‍ മറുപടി  വന്നു.

നിറഞ്ഞ ഉത്സാഹത്തില്‍ ഞാന്‍ പറഞ്ഞു - "എന്നാ നമുക്ക് നാളെയും കല്യാണം കഴിക്കാലോ!!!"

ഇപ്പുറത്ത് കിടന്ന  കാര്‍മ്മിക സാമാന്യം നല്ല സ്വരത്തില്‍ പറഞ്ഞു - " പിന്നെ, നാളെ എനിക്ക്  ക്ലാസ്സ്‌ ഒള്ളതാ"

മണവാളന്‍ കൂര്‍ക്കംവലി തുടങ്ങി, കാര്‍മ്മികയും ഉറക്കം പിടിച്ചു. കല്യാണമോഹങ്ങളുമായി  ഞാന്‍ കണ്മിഴിച് ചിരിതൂകി കിടന്നു.

1 comment: