Wednesday, July 25, 2012

പളം


ഉണങ്ങിപ്പോയ   കൊഞ്ചിനെ  പോലെ  ആയിരുന്നു  അയാള്‍ - അത്ര  തന്നെ  വളഞ്ഞതും  അതിലും  ഏറെ  നേര്‍ത്തതും. വാര്‍ദ്ധക്യത്തിന്റെ വരവറിയിച്ച് നരയുടെ  തുടിപ്പുകള്‍  അയാളുടെ മുഖത്ത്  അവിടിവടെയായി  തല  പൊക്കി  നിന്നു. തടിച്ച  ഒരു  ഉണക്കകൊമ്പ്  കയ്യില്‍  – അതായിരുന്നു  ബലം. നിരതെറ്റി  കുടുക്കിട്ട  ചെളിപുരണ്ട  ഷര്‍ട്ടും  മടക്കികുത്തിയ  ലുങ്കിയും  വേഷം. അതത്രയും മുഷിഞ്ഞു  നാറിയിരുന്നു, പക്ഷെ  എവിടെയും  കീറിയിരുന്നില്ല. പളം - അതായിരുന്നു  പേര്. ആരോ  പതിച്ചു  കൊടുത്ത  വിളിപ്പേര്. അതിന്റെ ഉത്ഭവവും  ഐതിഹ്യവും  അറിയില്ല. വികാരമറിയാത്ത മുഖവും സ്വരങ്ങള്‍ മറന്ന നാവും. കുഷ്ഠമില്ലാതിരുന്നിട്ടും അയാള്‍ കുഷ്ടരോഗിയെ ഓര്‍മപ്പെടുത്തി.



 അമ്മമ്മയുള്ള  കാലത്ത് ശനിയാഴ്ചകളില്‍ കൃത്യമായി അയാള്‍ വീട്ടിലെത്തി.  ഗേറ്റ് കടന്നു വന്ന്‍  തിണ്ണയില്‍ വടി ചാരി ഇരുന്നു ,  ഒട്ടും വൈകാത അമ്മമ്മ  സ്റ്റീല്‍ പത്രത്തില്‍ ചോറും മോരും വിളമ്പി. കുറച്ചകലെ അമ്മമ്മയുടെ മടിയില്‍ ഞാന്‍ അയാളെ നോക്കിയിരുന്നു . ആര്‍ത്തി കൂടാതെ മുഴുവനും അയാള്‍ തിന്നു തീര്‍ത്തു . പിന്നെ, പാത്രം അരികില്‍ വെച്ചിട്ട് മുറ്റത്തെ പൈപ്പില്‍ കൈ കൈകഴുകി. വടിയെടുത്തു തിരിഞ്ഞു നോക്കാതെ ഗേറ്റ് കടന്നു പുറത്തേക്കു പോയി. എത്ര  ആഴ്ച അയാള്‍ക്ക് അമ്മമ്മ  ചോറ് വിളമ്പി, ഒരിക്കലും അയാള്‍ അമ്മമ്മയെ ചിരിച്ചു കാട്ടിയില്ല, ഒരിക്കലും അയാളുടെ ശബ്ദം ഞങ്ങള്‍ കേട്ടില്ല. മുടങ്ങാതെ എല്ലാ ശനിയാഴ്ചകളിലും  അയാള്‍ വന്നു, ശനിയാഴ്ചകളിലേ അയാള്‍ വന്നുള്ളൂ. മറ്റു ദിവസങ്ങളില്‍ കടത്തിണ്ണയിലും പള്ളിപറമ്പിലും വെയിലില്‍ വിശന്നിരുന്നു, പക്ഷെ  ശനിയാഴ്ച മാത്രം അയാള്‍ വീട്ടില്‍ വന്നു.

ഒരിക്കല്‍ മാത്രം അയാള്‍ ആ പതിവ് തെറ്റിച്ചു. ആഴ്ചയിലെ മറ്റൊരു  ദിവസം അയാള്‍ ഗേറ്റിനു  മുന്നില്‍ വന്നു,  മുറ്റത്ത്‌ തടിച്ചു കൂടിയ ആളുകള്‍ക്ക് പിന്നില്‍ അപരിചിതനെ പോലെ നിന്നു,  അകത്തെ മുറിയില്‍ പുതപ്പിച്ചു കിടത്തിയ അമ്മമ്മയുടെ ശരീരം കാണാന്‍ അയാള്‍ കൂട്ടാക്കിയില്ല. അല്‍പനേരം മാത്രം  മുറ്റത്ത്‌ നിന്നു,  അപ്പോഴും അയാളുടെ മുഖത്ത് നിര്‍വികാരത മാത്രം നിറഞ്ഞു .വടി കുത്തി തിരിഞ്ഞു നോക്കാതെ  പതുക്കെ ഇറങ്ങി പോയി.

ചടങ്ങുകൾ കഴിഞ്ഞ് മടങ്ങും വഴി വഴിയിലേക്ക് തള്ളി നില്കുന്ന അയാളുടെ ഓല മേഞ്ഞ കുടിലിന്റെ ഇടയിലെ വിടവിലൂടെ ഞാൻ തലയിട്ട് എത്തി നോക്കി - നിലത്തു കിടന്ന കീറിയ പായിൽ മുഖംഅമർത്തി ഏങ്ങിക്കരയുന്ന അയാളെ കണ്ടു, വടി തറയിൽ വീണു കിടന്നിരുന്നു, കരയുന്നതിനിടയിൽ അയാൾ ഒരു കൈകൊണ്ടു പായിൽ ഇറുക്കി പിടിച്ചു, ശബ്ദം പുറത്തു കേള്പ്പിക്കാതെ അടക്കിപ്പിടിച്ച് അയാൾ എങ്ങി എങ്ങി കരഞ്ഞു - അവിടെ നിന്നും ഞാൻ വേഗത്തിൽ വീട്ടിലേക്കു പാഞ്ഞു.

അയാളെ പിന്നെ ഞങ്ങള്‍ കണ്ടില്ല, നാട്ടില്‍ ആരും കണ്ടില്ല . അയാള്‍ ജീവിച്ചിരിപ്പുണ്ടാവാം, മരിച്ചിട്ടുണ്ടാവാം. ജീവിച്ചിരുന്ന കാലത്തോളം അയാള്‍ അമ്മമ്മയെ മറന്നു കാണില്ല, വാക്കിന്റെയും നോക്കിന്റെയും ചിരിയുടെയും സഹായം കൂടാതെ അവര്‍ക്കിടയില്‍ ഉടലെടുത്ത ആത്മബന്ധത്തെ ആയുസ്സിലൊരിക്കലും മറന്നു കാണില്ല.


2 comments: