Tuesday, June 19, 2012

ജാനകി മുക്ക്

ജാനകി മുക്കൊരു നാല്‍ക്കവലയാണ്.നാല്‍പ്പാത്തിമല ഇറക്കവും,
 പള്ളിക്കയറ്റവും, യൂണിവേഴ്സിറ്റി റോഡും ചന്തവഴിയും ഒക്കെ
 വന്ന് കൂട്ടുകൂടുന്ന നാല്‍ക്കവല.തങ്കച്ചേടുത്തീടെ മാടക്കടയും
 മണ്ണത്തുകാരുടെ റബ്ബറുംതോട്ടവും ചാര്‍ളിചേട്ടന്റെ ചായക്കടയും നവോദയ എന്ന വായനശാലയും പിന്നെ, കൊല്ലങ്ങള്‍ക്ക് മുന്‍പ് ജാനകി തൂങ്ങി നിന്നാടിയ വരിയ്ക്കപ്ലാവുമെല്ലാം അതേപടി ഇന്നുമിവിടെയുണ്ട്.


"നവോദയ ജംഗ്ഷന്‍"

"ഏത്? നമ്മടെ ജാനകി മുക്കോ?" - ഓട്ടോക്കാരന്‍ പരിഹാസച്ചിരിയോടെ ചോദിച്ചു.
 
"അതെ" - പരിഷ്ക്കാരി അല്പം ജാള്യതയോടെ തലകുനിച്ച് പറഞ്ഞു.

"എന്റെ പൊന്നു സാറേ, ഇതങ്ങു ആദ്യം പറഞ്ഞ പോരായിരുന്നോ,വാ കേറ്?" - നിറഞ്ഞ തൃപ്തിയോടെ ഓട്ടോക്കാരന്‍ വണ്ടിയെടുത്തു.


ജാനകി മുക്ക് - അതിന് പകരം ഒന്നില്ല,പരിഷ്ക്കാരവും ഇല്ല.തിരുത്താന്‍ വന്ന തുക്കിടി സായ്പ്പിന്റെ ചെറുമക്കളെല്ലാം ഇപ്പൊ നല്ല വെടിപ്പായി പറയും - "ജാനകി മുക്ക്".
അങ്ങനെ കണ്ടില്ലെങ്കില്‍ പോസ്റ്റ്‌മാന്‍ കൂടി നിങ്ങളെ ഗൌനിച്ചില്ലെന്നു വരാം.


അതിരാവിലെ കൌസല്യയ്ക്കും സുപ്രജയ്ക്കുമൊപ്പം മുക്കുണരും.ആദ്യത്തെ ഊഴം ചാര്‍ളിചേട്ടന്റെയാണ് - പാലും പൊറോട്ടയുമായി ചായക്കടയില്‍ മല്‍പ്പിടുത്തം തുടങ്ങും.പതുക്കെ മേലേവീട്ടിലെ അടുക്കളവിളക്കുകള്‍ മിഴിതുറക്കും.എട്ടരയോടെ മുക്കുഷാറാവും.മൈക്രോ മിഡി അണിഞ്ഞ റബ്ബര്‍ മരങ്ങള്‍ തലയുയര്‍ത്തും,തങ്കച്ചേടുത്തീടെ മാടക്കടയുടെ വാതായനങ്ങള്‍ കാലുമടക്കി കാഴ്ച കാണാന്‍ മുകളിലിരിക്കും.ഗ്യാസ് മുട്ടായിയും, കടല മുട്ടായിയും മക്രോണിയുമെല്ലാം കൂട്ടില്‍ നിന്ന് പുറത്തു വരും.വായനശാലയുടെ മതിലിനു മുകളില്‍ കള്ളിമുണ്ടുടുത്ത യുവപ്രജകള്‍ ഉപവിഷ്ടരാകും.നേരം വൈകിയ്ക്കാതെ വായിനോട്ടം എന്ന കാര്യപരിപാടിയിലേക്ക് പ്രവേശിക്കുകയും ചെയ്യും.കൊട്ട നിറയെ മത്സ്യസമ്പത്തുമായി അരയത്തി രാജമ്മ നാട്ടിലെത്തും, മാര്‍ജ്ജാരക്കൂട്ടങ്ങള്‍ അകമ്പടിയാകും. ചായക്കടയുടെ തൊട്ടു മുന്നിലെ സിമെന്റ് പടിയില്‍ കുന്തം കാലിലിരുന്ന്‍ നരമീശക്കൊമ്പന്‍ച്ചേട്ടന്‍ മനോരമപത്രം അരിച്ചുപെറുക്കി ഉറക്കെ വായിച്ചുപഠിക്കും,അത് കണ്ടു അകിരിലുള്ള മ്യുസിയം ബെഞ്ച്‌ ആരും കാണാതെ മെല്ലെ തേങ്ങി കരയും.


ജാനകിയെ ആരും ഇപ്പൊ ഓര്‍ക്കാറില്ല.എന്നാല്‍, ആരും അവളെ മറന്നിട്ടുമില്ല.എന്റെ തലമുറയില്‍പ്പെട്ട "മാക്രികള്‍" ക്കൊന്നും ജാനകിയെ കണ്ടു പരിചയം പോലുമില്ല.പക്ഷെ, എല്ലാവര്‍ക്കും അവളെ അറിയാം.അവളിവിടെ ജീവിച്ചിരുന്നെന്ന് എല്ലാവര്‍ക്കും ഒരുപോലെ അറിയാം.അവളുടെ സൌന്ദര്യവര്‍ണ്ണനകള്‍ കേട്ടു വളര്‍ന്നവരാണ് ഇവിടത്തുകാര്‍.എണ്ണകറുപ്പിന്റെ അഴകും, ചട്ടിക്കരി തേച്ച നീളന്‍ കണ്ണുകളും, ജലകണങ്ങള്‍ ഇറ്റു വീഴുന്ന ഈറന്‍ മുടിയും, അന്നനടയും, കിലുങ്ങിച്ചിരിക്കുന്ന പാദസരങ്ങളും, മുണ്ടിനും ബ്ലൌസിനുമിടയില്‍ തുടുത്തുനിറയുന്ന വയറും അതിന് നടുവിലെ ശേലൊത്ത പൊക്കിള്‍ക്കൊടിയുമെല്ലാം കഥകളില്‍ സദാ നിറഞ്ഞിരുന്നു.അവള്‍ പൂത്തു നിന്നൊരു ചെമ്പകമായിരുന്നത്രേ, അവളീ നാടിന്‍റെ രോമാന്ജമായിരുന്നു.ഇവിടെങ്ങും അവള്‍ ഒഴുകി നടന്നു.കണ്ടവരൊക്കെയും മോഹിച്ചു, സ്വന്തമാക്കാന്‍ കൊതിച്ചു.അവളൊരു പതിവൃതയെന്ന് ആരും പറഞ്ഞില്ല, കുലടയെന്ന് ചിലരൊക്കെ അടക്കം പറഞ്ഞു.അവള്‍ എല്ലാവരെയും സ്നേഹിച്ചു.പോകെ പോകെ ആ ചേലിന്റെ മാറ്റ് കൂടി.പിന്നെ, അന്ന് പുലര്‍ച്ചെ ജീവശ്ശവമായി മുറ്റത്തെ വരിയ്ക്കപ്ലാവിന്റെ കൊമ്പില്‍ കിടന്നാടി.അവളുടെ നാവ് പുറത്തു വന്നിരുന്നു.കൃഷ്ണമണികള്‍ പുറത്തു വരാന്‍ വെമ്പല്‍ കൊണ്ട് നിന്നു.ചുരുളന്‍ മുടിയിഴകള്‍ കാറ്റില്‍ പറന്നു.അവളാകെ തണുത്തിരുന്നു, മരിച്ച് മരവിച്ചിരുന്നു.


നാട് വിറച്ചു, നാട്ടുകാര് വിറങ്ങലിച്ചു.ഋഷിവര്യന്മാര്‍ മന്ത്രസൂക്തങ്ങള്‍ ഉരുവിട്ടു, കത്തനാര്‍ഗണം കുരിശെടുത്തു.പ്ലാവിന് പിന്നെ അയിത്തമായി, അലംഘനീയമായ തൊട്ടുകൂടായ്മ.വേനലില്‍ അതില്‍ നിറയെ തേന്‍വരിയ്ക്കകള്‍ കായ്ച്ചു.ഒക്കെയും വവ്വാലുകള്‍ തിന്നുതീര്‍ത്തു.തോരാതെ ഇലകള്‍ പൊഴിഞ്ഞു.അവ മുഴുവനും കാറ്റില്‍ പറന്നുപോയി.ആരാലും തിരിഞ്ഞു നോക്കാതെ, ആര്‍ക്കും വേണ്ടാതെ അതിവിടെ തന്നെ നിന്നു.വെയിലും മഴയും ഇരുളും വെളിച്ചവുമറിഞ്ഞ് അതിവിടെ നിന്നു.ജാനകിയുടെ ബാക്കിയായി, മുക്കിന്റെ ചരിത്രമായി...


സന്ധ്യമയങ്ങി പെണ്‍മണികളൊക്കെ കൂട്ടില്‍ ചേക്കേറിയാല്‍ പിന്നെ ചോരകുടിയന്മാരൊക്കെ വായനശാല വിട്ട് മാടക്കടയുടെ മുന്നില്‍ ഹാജര്‍ വയ്ക്കും.തങ്കച്ചേടുത്തീടെ അധ്യക്ഷതയിലുള്ള ഗുണദോഷിക്കല്‍ ചടങ്ങാണ് അടുത്തതായി.ഒരു പണിയ്ക്കും പോവാത്തതിന്, കാര്‍ന്നോന്മാരെ നോക്കാത്തതിന്, പള്ളിയില്‍ കൃത്യമായി പോവാത്തതിന്, വായിനോക്കുന്നതിന് - ഗുണദോഷിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ചേടുത്തിയ്ക്ക് വിഷയത്തിനു പഞ്ഞമില്ല.അച്ചടക്കമുള്ള നേര്‍സെറി കുരുന്നുകളെ പോലെ ഭവാന്മാര്‍ മുഴുവനും സമ്മതിച്ചുകൊടുക്കും.ചേടുത്തിയെ കടപൂട്ടാന്‍ സഹായിക്കും, ടോര്‍ച്ച് തെളിച്ച് വീട്ടിലെത്തിക്കും.പിന്നെ, വായനശാലയില്‍ മടങ്ങിയെത്തി രണ്ടു കൈ ചീട്ട് കളിച്ചിട്ട് കുണുക്ക് കയറി പതിയെ വീട് പിടിക്കും.രാവിലെ കൃത്യമായി വീണ്ടും ഡ്യൂട്ടിക്ക് കയറാനുള്ളതാണല്ലോ!വാര്‍ക്കപ്പണി കഴിഞ്ഞ് തമിഴന്മാര്‍ കൂട്ടമായി ചാര്‍ളിചേട്ടന്റെ കടയിലേക്ക് ഇരച്ചുകയറും.തീരുന്ന പൊറോട്ടകള്‍ക്കൊപ്പിച്ച് മൂലയിലിരിക്കുന്ന റേഡിയോ ഉച്ചത്തില്‍ ഡപ്പാംകൂത്ത്‌ നടത്തും.ജാനകിമുക്കിന്റെ ചരിത്രമൊന്നും അവര്‍ക്കറിയില്ല. പക്ഷെ, വിലാസം ചോദിച്ചാല്‍ പരിഷ്ക്കാരച്ചുവയില്ലാതെ കൃത്യമായി പറയും - "സാനകി മുക്കു, അതിറമ്പുറ, കോട്ടയം".


ചില നേരങ്ങളില്‍ വഴിവിളക്കിന്റെ ഇരുണ്ട വെളിച്ചത്തില്‍,ആളൊഴിഞ്ഞ മുക്കില്‍, ജാനകിയുടെ വരിയ്ക്കപ്ലാവിന്റെ ചുവട്ടില്‍ ഞാന്‍ വെറുതെ നില്‍ക്കും.കിലുങ്ങി കുലുങ്ങി നടന്ന അവളെ ഓര്‍ക്കും, അവളുടെ ഭാരം പേറിയ ശിഖരം തിരയും, കുലട എന്ന പേരൊഴികെ അവളൊന്നും നേടിയില്ല.അവള്‍ ആരെയും ദ്രോഹിച്ചില്ല, അവള്‍ ആരുമായിരുന്നില്ല, അവള്‍ ആയുസ്സ് തികച്ചില്ല, അവള്‍ ആത്മഹത്യ ചെയ്തു.എന്നിട്ടും അവളീ നാടിന്റെ വിലാസമായി, തലമുറകള്‍ അവളെ അറിഞ്ഞു.എല്ലാവരും അവളെ മറക്കാന്‍ ശ്രമിച്ചു.പക്ഷെ, കൂടുതല്‍ വെന്മയോടെ അവള്‍ തെളിഞ്ഞു വന്നു.അവളൊരു പ്രതിഭാസമായിരുന്നു.പ്രതിഭ ഇല്ലാതെ പോയ പെണ്‍പ്രതിഭാസം.ജാനകി - അവളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഉള്ളില്‍ നിറയുന്ന വികാരമെന്തെന്ന് ഇന്നുമെനിക്കറിയില്ല!

6 comments:

  1. കൊള്ളാം, ഭാഷ കൂടുതല്‍ നന്നായി വരുന്നുണ്ട്‌, അവതരണവും

    ReplyDelete
  2. കൊള്ളാം.......എവടെയോക്കെയോ ജാനകിയെ കണ്ടു....:)

    ReplyDelete