Tuesday, June 5, 2012

ഉമിനീരും കള്ളക്കണ്ണീരും


അമ്മച്ചി മരിക്കാന്‍ കെടക്കുവാണ്.അമ്മച്ചിക്ക് തിമിരമൊണ്ട്, വലിവൊണ്ട്, പിന്നെ  ഹൃദ്രോഗവുമൊണ്ട്. പടിഞ്ഞാറേ മുറിയില്‍ അമ്മച്ചി മരിക്കാന്‍ 
കെടക്കുവാണ്.അവിടെ നിറയെ ആള്‍ക്കാരാണ് - "ഇതിനി നാളെ നേരം വെളുപ്പിക്കുന്ന മട്ടില്ല" -തങ്കച്ചേടുത്തി വന്ന് ഒറ്റനോട്ടത്തില്‍ പ്രവചിച്ചിട്ട് പോയി.കേട്ടപാതി, കേള്‍ക്കാത്ത പാതി അച്ഛനും കപ്യാരും പരിവാരങ്ങളുമെത്തി.മരണം നേരില്‍ കണ്ടിട്ടില്ലാത്തവരും,കാണാന്‍ കൊതിയുള്ളവരും തിങ്ങിക്കൂടി. ആ  മുറിയ്ക്കുള്ളില്‍ കാലന്‍ എത്തിയിട്ടുണ്ടാവുമോ? ഉവ്വെങ്കില്‍ പുള്ളിക്കാരന്റെ കാളയെ എവിടെ പാര്‍ക്ക്‌ ചെയ്തുകാണും? അമ്മേ...എന്റെ കീഴെയെങ്ങാനും 
കൊണ്ടെക്കെട്ടിയോ ആ സാധനത്തെ? പുള്ളിയെ കണ്ടിട്ടായിരിക്കുമോ കടിച്ചാപ്പൊട്ടാത്ത ഈ പ്രവചനം ഒറ്റവാക്യത്തില്‍ ചേടുത്തി പറഞ്ഞേച്ചും 
 പോയത?ചേടുത്തി പറഞ്ഞാ പറഞ്ഞതാ,ഇത് വരെ തെറ്റിയിട്ടില്ല.കാലനും കൂടി ഈ പ്രവചനത്തിനായി കാതുകൂര്‍പ്പിക്കുമത്രേ! മുറിയ്ക്കുള്ളില്‍ അമ്മേം 
അപ്പേം ഉണ്ട്,ചെറിയമ്മേം അമ്മായിമാരും കൂട്ടക്കരച്ചിലും തൊടങ്ങി, കവുണിയിട്ട കൊറേ കെളവികള്‍ കൊന്ത ചൊല്ലിത്തുടങ്ങി.

യൂണിഫോമിട്ട് മുറ്റത്ത് നില്‍പ്പാണ് ഞാന്‍, പൂര്‍ണ്ണഗര്‍ഭിണിയായ ബാഗിനെ തോളിലേന്തി ഞാനീ നില്‍പ്പ് തൊടങ്ങീട്ട് നേരം കൊറച്ചായീ.ഗേറ്റ് കടന്ന് 
ആരൊക്കെയോ അകത്തേയ്ക്ക് പോകുന്നു, പക്ഷെ അവരൊന്നും എന്നെ നോക്കുന്നേയില്ല.മരണശേഷം അമ്മച്ചീടെ കവുണിയ്ക്കും ബ്രോച്ചിനും നേരത്തേ അവകാശം പറഞ്ഞുവെച്ച കുട്ടിചേടുത്തിയും ഓടി അകത്തേയ്ക്ക് കയറി.അവരുടെ മുഖത്ത് സന്തോഷമായിരുന്നോ സങ്കടമായിരുന്നോ?  എന്നെ ആരും ഗൌനിക്കുന്നേയില്ല.അമ്മയും കൂടി ശ്രദ്ധിച്ചിട്ടില്ല,ചോറ്റുപാത്രം എടുത്തു തന്നപ്പോള്‍ കരഞ്ഞ് കരഞ്ഞ് അമ്മേടെ മുഖം ചുമന്ന് വീര്‍ത്തിരുന്നു.
  
"അമ്മച്ചി മരിച്ചാ കൊച്ചു കരയുമോ?കഥ കേട്ട്  ഉറക്കം പിടിച്ചു വരുന്നതിടയിലാണന്ന്  ഇടിമിന്നല്‍ പോലീ ചോദ്യം അമ്മച്ചി  ചോദിച്ചത്.കണ്ണ് തുറന്ന്  അരികു പറ്റി എന്നെ നോക്കി കിടക്കുന്ന അമ്മച്ചീടെ മുഖത്തേക്ക്  ഞാനും തുറിച്ചു നോക്കി."പിന്നെ, ഒറപ്പായിട്ടും കരയും,അമ്മച്ചി മരിച്ചുപോയാ പിന്നെ ആരാ എന്റെ തലേലേ  പേനെ കൊല്ലുന്നേ? അമ്മ  അടിക്കാന്‍നേരം പിടിച്ചുമാറ്റുന്നേ? ഓലമേഞ്ഞ കുട്ടിപ്പായ മെടഞ്ഞു തരുന്നേ? ആരുടെ കൂടെയാ ഞാന്‍ കെട ന്നൊറങ്ങുന്നേ? ഞാന്‍ കരയും...കൊറേ കരയും". എഴുപതടുത്ത അമ്മച്ചീടെ മുഖമൊന്നു വിടര്‍ന്നു.മരിക്കുമ്പോള്‍ കരയാനുള്ളവരുടെ  സെന്‍സസ്  എടുക്കുവാണോ അമ്മച്ചി?അടുത്തിരുന്ന് നെലവിളിക്കുന്നവരുടെ എണ്ണം മരിച്ചുകിടക്കുന്ന ശരീരത്തിന്റെ ഗമ കൂട്ടുമോ?ചെലപ്പോ, കൂട്ടുവായിരിക്കും.മരിച്ചു നോക്കിയാലല്ലേ  അതൊക്കെ അറിയൂ!

ഇപ്പോ, ദേ അമ്മച്ചി മരിക്കാന്‍ കെടക്കുന്നു.അതായത് എനിക്ക് കരയാന്‍ സമയമായിരിക്കുന്നു.

വൈകുന്നേരം സ്കൂള്‍ വിട്ടപടി അനിച്ചേച്ചി എന്നെ റാഞ്ചിക്കൊണ്ടുപോയി വയറുനിറച്ച് ഉപ്പുമാവ് തന്നു, പിന്നെ, നീല ഉടുപ്പിടുവിച്ചു.രാവിലെ അമ്മച്ചീടെ മുറിയില്‍ കണ്ട ജനാവലി മുഴുവന്‍ മുറ്റത്തുണ്ട്. പന്തലില്‍ ഇട്ട പ്ലാസ്റ്റിക്‌ കസേരയില്‍ ഇരുന്ന് ചിലരൊക്കെ നാട്ടുവിശേഷം പറയുവാണ്,ചിലരൊക്കെ ഞങ്ങടെ കുടുംബമഹിമയും പേരുദോഷങ്ങളും.മറ്റു ചിലര്‍ അകത്തിരുന്ന് കരയുന്നുണ്ട്.ഉച്ചഭാഷിണിയില്‍ ഒപ്പീസ് കേള്‍ക്കാം. സല്‍ക്കാരമുറിയിലാകെ ചന്ദനത്തിരീടെ നാറ്റം, അമ്മയും അമ്മായിമാരും കരഞ്ഞ്  കരഞ്ഞ്   തളര്‍ന്നിരിക്കുന്നു.നടുവില്‍ അമ്മച്ചി മരിച്ചു കിടക്കുവാണ്.തൂവെള്ളനിറമുള്ള ചട്ടേം മുട്ടും ഉടുപ്പിച്ചിരിക്കുന്നു, ക്രീം നിറത്തില്‍  അരികില്‍ സ്വര്‍ണ്ണവരകളുള്ള കവുണിയും തോളില്‍ കല്ലുവെച്ച ബ്രോച്ചും. കണ്ടമാത്രെ അമ്മ എന്നെ മടിയില്‍ വെച്ചു.കരച്ചില്‍ തന്നെ, അമ്മായിമാരും അമ്മയും ഒക്കെ കരച്ചില്‍, ചേച്ചിമാരും ചേട്ടന്മാരും കരച്ചിലോടു കരച്ചില്‍.നടുവില്‍ ഞാന്‍ മാത്രം അമ്മേടെ മടിയില്‍ 
പന്തം കണ്ട പെരുച്ചാഴിയെ കണക്ക്.

"അമ്മച്ചി മരിച്ചാല്‍ കൊച്ച് കരയുവോ?" - ഓപ്പീസോന്നും ഞാന്‍ കേള്‍ക്കുന്നേയില്ല, ഈ ചോദ്യം മാത്രം ചെവിയില്‍.ഒരിക്കല്‍ വാക്ക് പറഞ്ഞതാണ്, പാലിച്ചേ പറ്റൂ.ഇല്ലെങ്കില്‍ അമ്മച്ചീടെ പ്രേതം പാതിരാത്രിയില്‍ പകരം ചോദിയ്ക്കാന്‍ വന്നാലോ.എങ്ങനെയാ ഒന്ന് കരയുക? എല്ലാവരും നോക്കുന്നത്  എന്നെയാണോ?കരയാത്ത കുട്ടിയെ?കണ്ണിച്ചോരയില്ലാത്ത കുട്ടിയെ?കരയ് , കരയ് , സര്‍വ്വശക്തിയും പ്രയോഗിച്ചുനോക്കി, സര്‍വ്വആയുധങ്ങളും എടുത്തു നോക്കി.ആകാശദൂതിന്റെ കഥ ഓര്‍ത്തു നോക്കി,ഇല്ല,രക്ഷയില്ല,കണ്ണുനീര് സമരത്തിലാണ്.

മൂലയിലിരുപ്പൊണ്ടവന്‍, ശങ്കു. കൊലപാതകക്കുറ്റത്തിന്  ജീവപര്യന്തം വിധിച്ച പ്രതിയെപോലെ  ഒച്ചിന്റെ ആകൃതിയില്‍  ചുരുണ്ടിരുപ്പുണ്ടവന്‍.  അച്ഛന്റെ ജ്യേഷ്ഠപുത്രന്‍,എന്റെ പ്രായമാണവന്‍,രണ്ടാം ക്ലാസ്സില്‍ തന്നെ.ഞാന്‍ പതുക്കെ അവന്റെ അടുത്ത് ചെന്നിരുന്നു.മെല്ലെ ഒച്ച താഴ്ത്തി ചോദിച്ചു - "നീയെന്താ കരയാത്തെ?" 
"എനിക്ക് കരച്ചില്   വരുന്നില്ല".
തുല്യദുഖിതര്‍!- ഞാന്‍ മനസ്സിലോര്‍ത്തു.
"നീയോ?"
അവനെ ഞാന്‍ എന്റെ അവസ്ഥ വൃത്തിയായി വര്‍ണ്ണിച്ചു കേള്‍പ്പിച്ചു.

അടുക്കളേപ്പോയി കണ്ണില്‍ ഉള്ളി തേയ്ക്കുന്നതിനെ  പറ്റി അവന്റെ അഭിപ്രായം ആരാഞ്ഞു."ആരെങ്കിലും കണ്ടാലോ?"-ഇക്കാര്യത്തില്‍ അവന്‍ അല്പം പക്വത കാട്ടി.പരസ്പരം മുറുക്കെ ഒന്ന് പിച്ചിനോക്കി, കയ്യില്‍ പാട് വീണതല്ലാതെ കണ്ണ് നിറഞ്ഞില്ല.ഇനിയിപ്പോ എന്താ ഒരു വഴി? ഒടുക്കം അവന്‍ തന്നെ പരിഹാരവും നിര്‍ദേശിച്ചു.കാല്‍മുട്ട് മടക്കി ഉയര്‍ത്തി അതില്‍ തല ചായ്ച്ച് കൂനിയിരുന്നു, ആരും കാണാതെ ചൂണ്ടുവിരലില്‍ അല്പം തുപ്പലെടുത്ത്  ഇരുകവിളുകളിലും രണ്ടു നേര്‍രേഖകള്‍വരച്ചു.ഇനിയൊരല്പം അഭിനയം കൂടി ബാക്കി.തലയുയര്‍ത്തി ഭിത്തിയില്‍ ചാരി സാക്ഷാല്‍ ഷീലയെ വെല്ലുന്ന 
ശോകഭാവത്തില്‍ ഞങ്ങളിരുന്നു.അനങ്ങാതെ ഞങ്ങളതേ ഇരിപ്പിരുന്നൂ, എത്ര നേരം എന്നറിയില്ല, തുപ്പലിന്റെ പാട് മറയുന്നത് വരെ ഇരുന്നിട്ടുണ്ടാവണം.

"ഞങ്ങളെ നോക്കൂ,അയ്യോ..ഞങ്ങടെ അമ്മച്ചി മരിച്ചു പോയി, വിങ്ങിപ്പൊട്ടുന്ന ഞങ്ങളെ കണ്ടോ? കരയുന്ന ഞങ്ങളെ എല്ലാവരും ഒന്ന് നോക്കൂ, ഞങ്ങളിതെങ്ങനെ സഹിക്കും? ഞങ്ങളെ ഒന്ന് നോക്കൂ നാട്ടാരെ..."

published On manorama on sep19,2012

illustration by - Rupesh Aravindakshan

3 comments:

  1. An interesting account of childhood dilemma

    ReplyDelete
  2. Nicely written Aami, keep on at it...:)

    ReplyDelete
    Replies
    1. hey...

      thanks Praveen:)
      heard a lot about you..will catch up soon,hopefully!

      Delete