Wednesday, March 21, 2012

ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി




പിച്ചവയ്ക്കുന്ന പ്രായം,കൊച്ചരിപ്പല്ല് മുളയ്ക്കുന്ന പ്രായം, കൊഞ്ചിച്ചിരിക്കുന്ന പ്രായം, പറയാന്‍ പഠിക്കുന്ന പ്രായം.ഈ പ്രായത്തിലാണ് അവള്‍ക്ക് അമ്മയെ നഷ്ടപ്പെട്ടത്, ആരുടെയോ കയ്യില്‍ എത്തപ്പെട്ടത്, ക്രൂരമായി പീഡിപ്പിക്കപ്പെട്ടത്, മരണത്തിന് വഴിപ്പെട്ടത്‌.ഫലക് വെറുമൊരു പെണ്‍കുഞ്ഞ് മാത്രമായിരുന്നു.ചോരയും നീരുമുള്ള പെണ്‍കുഞ്ഞ്, ഉറക്കെ കരയാന്‍ മാത്രം അറിയുന്ന പെണ്‍കുഞ്ഞ്, തെളിമയും വെണ്മയും ഉള്ള പെണ്‍കുഞ്ഞ്, സംരക്ഷിക്കാന്‍ ആരുമില്ലാതിരുന്ന പെണ്‍കുഞ്ഞ്, ആരൊക്കെയോ ചേര്‍ന്ന് ആക്രമിച്ച പെണ്‍കുഞ്ഞ്! കഴുകന്‍കണ്ണുകള്‍ തന്റെ മേലെ പതിച്ചപ്പോള്‍ മഞ്ഞിന്റെ ശോഭയോടെ അവള്‍ മോണകാട്ടി ചിരിച്ചിട്ടുണ്ടാവണം, കൂര്‍ത്തനഖങ്ങള്‍ ആഴ്ന്നിറങ്ങിയപ്പോള്‍ അവള്‍ വാവിട്ട് കരഞ്ഞിട്ടുണ്ടാവണം, ക്രൂര ധംഷ്ട്രകള്‍ കടിച്ചമര്‍ത്തിയപ്പോള്‍ അവളുടെ കുഞ്ഞിപ്പല്ലുകള്‍ തരിച്ചിട്ടുണ്ടാവണം, മരണത്തെ മുന്നില്‍ കണ്ടപ്പോള്‍ മുലപ്പാലിനായി ദാഹിച്ചിട്ടുണ്ടാവണം.ഫലക് പോയി,ഞെട്ടിപ്പിക്കുന്ന വാര്‍ത്തയായി,വാര്‍ത്തയില്‍ മറ്റൊരു ബലിമൃഗമായി...

Tuesday, March 20, 2012

പുണ്യമായി...

ആദ്യമായി കണ്ടപ്പോള്‍ അപൂര്‍വമായൊരു
അറിവിന്റെ ദേവനായി നിന്നൂ നീ മുന്നിലായി
പിന്നെയും കണ്ടപ്പോള്‍ നന്മകള്‍ വാഴുന്ന
മനസ്സിന്റെ വെണ്മയും കണ്ടറിഞ്ഞൂ

Monday, January 30, 2012

എന്നു വരും നീ?

എന്നു വരും നീ?
നീ എവിടെയാണ്?
നീ എന്നെ കാണുന്നുവോ?
എന്റെ കണ്ണീര്‍ അറിയുന്നുവോ?
എന്റെ വാക്ക് കേള്‍ക്കുന്നുവോ?
നീ എവിടെയാണ്?
ഇന്നും ഞാന്‍ കാത്തിരുന്നു,
നിനക്കായി പ്രാതല്‍ ഒരുക്കി,
നിനക്കായി ഒരുങ്ങി,
നിന്റെ വസ്ത്രങ്ങള്‍ ഒരുക്കി,
നിന്റെ പാട്ട് മൂളി,
നീ എവിടെയാണ്?
ഏതു കോണിലാണ്?
ഏതു താഴ്വരയിലാണ്?
ഏതു ഇരുട്ടിലാണ്?
രാത്രിയെ എനിക്ക് ഭയമാണ്,
ലോകത്തെ എനിക്ക് പേടിയാണ്,
ഇതിന്റ ഏതു കോണിലാണ് നീ?
എന്ന്‌ വരും നീ?

Friday, January 13, 2012

മോഹശകലം

പുഴയുടെ നിനവില്‍ ലയിച്ചിരുന്നെങ്കില്‍,
മഴയുടെ കുളിരില്‍ അലിഞ്ഞിരുന്നെങ്കില്‍,
ആഴിതന്‍ അറയില്‍ ശയിച്ചിരുന്നെങ്കില്‍,
നിന്‍ ചിരിയുടെ അമൃതായി പൊഴിഞ്ഞിരുന്നെങ്കില്‍...

Tuesday, September 20, 2011

ഗുരുദക്ഷിണ



"ദേവു ചേച്ചീടെ മോള്‍ ആമിയല്ലേ?" - മാസത്തില്‍ ഒരിക്കലുള്ള ഫ്രൂട്ട് ക്ലീനപ്പിനിടയിലെസുഖശയനത്തെ ഭേദിച്ചുകൊണ്ടാണ് ബ്യൂട്ടീഷന്റെ പൊടുന്നനെയുള്ള ചോദ്യം കാതില്‍ മുഴങ്ങിയത്. ഫേസ്പായ്ക്ക് ഇടുമ്പോള്‍ സംസാരിച്ചാല്‍ മുഖത്ത് ചുളിവുകള്‍ വന്നേക്കുമെന്നുള്ള സൗന്ദര്യശാസ്ത്രത്തിലെ ആദ്യപാഠം നന്നേ അറിവുള്ളതുകൊണ്ട് "അതെ" എന്ന ഭാവത്തില്‍ ഞാന്‍ തലകുലുക്കുക മാത്രം ചെയ്തു. "എന്നെ മനസ്സിലായില്ലേ?, ത്രെസിയാമ്മ ടീച്ചറുടെ മരുമകള്‍, ആനി". ആളെ ഇപ്പഴും ശരിക്കും മനസിലായില്ല എന്നത് എന്‍റെ മുഖത്ത് നിന്നും നല്ല വൃത്തിയായി വായിച്ചെടുത്ത ആനി ഒരു വരികൂടി ചേര്‍ത്തു - "ആമിയെ കളരിയില്‍ അക്ഷരം പഠിപ്പിച്ച ത്രെസിയാമ്മ ടീച്ചറുടെ മകന്റെ ഭാര്യ!".

Thursday, August 18, 2011

കാണാമറയത്തെ മുത്തശ്ശന്‍

മുത്തശ്ശനെ ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല. എന്നെ ഒരു നോക്ക് കാണാന്‍ കാത്തുനിന്നില്ല എന്ന് വേണം പറയാന്‍. പക്ഷെ ഞാനീ അപ്പൂപ്പനെ അറിഞ്ഞിട്ടുണ്ട്, ഒന്നല്ല, ഒരായിരം വട്ടം.ട്ടാം ക്ലാസ്സില്‍ മലയാളത്തിന്‍‍‍‍‍‍‍ നൂറി‍ല്‍ നൂറ് കരസ്ഥമാക്കിയതിനു ടീച്ചറുടെ അഭിനന്ദനം ഏറ്റുവാങ്ങിയ കൊച്ചുമകളുടെ മുഖം കണ്ട് ദൂരത്തെവിടെയോ ഒളിച്ചിരുന്ന് കോരിത്തരിച്ച മുത്തശ്ശന്‍, ബിരുദത്തിനു literature എന്ന പൂതി ഉള്ളില്‍ ഊതിതെളിപ്പിച്ചുത്തന്ന രൂപമറിയാത്ത പിതാമഹന്‍, പിന്നെ, എഴുത്തിന്‍റെ ആദ്യപടികള്‍ ചവിട്ടി ക്കയറവേ കൈപിടിച്ചു താങ്ങായി കൂടെ നിന്ന ബലമുള്ള വലിയ അച്ഛന്‍, അക്ഷരങ്ങളെ കൂടെക്കൂട്ടിയപ്പോള്‍ കാണാമറയത്ത് എവിടെയോ ഇരുന്ന് ഒരു നൂറുവട്ടം നിറമിഴിയോടെ നെറുകില്‍ തൊട്ടനുഗ്രഹിച്ച എന്‍റെ മുത്തശ്ശന്‍.

Friday, April 16, 2010

ചേലേറും വള്ളുവനാട്

രാത്രിമഴ തിമിര്‍ത്ത് ആഘോഷിച്ച് അരങ്ങൊഴിഞ്ഞ ഒരു പുലര്‍കാലെ, വേഗത്തില്‍ പായുന്ന ബസിന്‍റെ കണ്ണാടിച്ചില്ലുകള്‍ പതുക്കെ തുറന്നു ഞാന്‍ എത്തിനോക്കി. നേരം പുലര്‍ന്നു തുടങ്ങിയിട്ടേയുള്ളൂ. പാലക്കാടിന്‍റെ ഹരിതാഭയെ ക്ഷണനേരമെങ്കിലും കണ്‍മുന്നില്‍നിന്നും മിന്നിമായ്ക്കാന്‍ പ്രാപ്തരായ ഭീകരശകടങ്ങള്‍ ഇനിയും ഉറക്കം ഉണര്‍ന്നിട്ടില്ല. ഹാവൂ ! എന്‍റെ സഹയാത്രികരും സുഖസുഷുപ്തിയില്‍ത്തന്നെ.